Friday, March 31, 2017

ഡോ.കെ.സുഗതൻ എന്ന അറിവുകടൽ
----------------------------------------------------------------
ഡോ.കെ.ജി.ബാലകൃഷ്ണൻ
--------------------------------------------------------------------

1966. ഇന്നലെയെന്നോണം ഓർമ്മ. ഫസ്റ്റ് എം ബി ബി എസ് ജയിച്ച സന്തോഷവും അഭിമാനവും തുളുമ്പുന്ന മനസ്സുമായി മെഡിസിൻ വാർഡിൽ ക്ലിനിക്കൽ പഠനത്തിന്റെ തുടക്കം കുറിക്കുവാൻ അത്യന്തം ആകാംക്ഷാഭരിതരായി; അക്ഷമരായി ഞങ്ങൾ.
ഗുരുനാഥൻ നിറഞ്ഞ ചിരിയോടെ പ്രവേശിക്കുന്നു. 30 തികയാത്ത ചെറുപ്പക്കാരൻ. പച്ച മലയാളത്തിൽ ഗുരു പറഞ്ഞു "കുട്ടി ഡോക്ടർമാർക്ക് സ്വാഗതം."
"ഗുഡ് മോർണിംഗ് സാർ" ഞങ്ങൾ പ്രത്യഭിവാദ്യം ചെയ്തു.
51 വർഷങ്ങൾ. ഇന്നും ഞങ്ങളുടെ പ്രിയ ഗുരുവും മാർഗദർശിയും. സാർ എൺപതുകളിൽ.(1937 ജനുവരി). ഞങ്ങൾ എഴുപതുകളിലും. ഇന്നും തമ്മിൽ കാണുമ്പോൾ പഠിപ്പിക്കൽ തന്നെ, (മെഡിസിനല്ല;ജീവിതത്തിന്റെ പല പല ഏടുകൾ)

തികഞ്ഞ പണ്ഡിതൻ
---------------------------------
അറിവ് തന്നെയാണ് സാർ. അദ്ദേഹത്തിന് അറിയാത്ത അഥവാ വഴങ്ങാത്ത വിഷയമില്ല. ഒരു സർവ്വവിജ്ഞാനകോശം. ഒന്നുമറിയില്ലെന്ന ഭാവം. മെഡിസിൻ മാത്രമല്ല ഞങ്ങളെ സാർ പഠിപ്പിച്ചത്. ശാസ്ത്രം (ഭാഷാശാസ്ത്രം മുതൽ വാനശാസ്ത്രം വരെ.). മനുഷ്യഗന്ധിയായ എല്ലാം വൈദ്യൻ അറിഞ്ഞിരിക്കണം എന്ന് സാർ വ്യക്തമായി ഞങ്ങൾക്കു ബോധ്യപ്പെടുത്തിത്തന്നു. അതായത് ഡോക്ടർ ഒരു വിഷയത്തിലും പാടെ അജ്ഞനായിക്കൂടെന്നർത്ഥം.

അക്കാദമീഷ്യൻ
----------------------------------
കേരളത്തിൽ ഹാർട്ടറിവിൽ ഉന്നതബിരുദം നേടിയ ആദ്യപരമ്പരയിൽ തന്നെ സാറിന്റെ സാന്നിധ്യമുണ്ട്. വിശദീകരിക്കുന്നില്ല. അതിവിടെ പ്രസക്തതവുമല്ല. ഇവിടെ സാഹിത്യമാണ് വിഷയം. "ബുദ്ധനും നാണുഗുരുവും"(മാതൃഭൂമി) ഇതാ എന്റെ മുന്നിൽ. ഒരു ഗവേഷണഗ്രന്ഥം. ഗഹനം; സംക്ഷിപ്തം;വ്യതിരിക്തം.ഇതിനൊരവതാരികയില്ല. അതുതന്നെ സാറിന്റെ ആത്മവിശ്വാസത്തിനുള്ള അടിവര. ശ്രീബുദ്ധന്റെ മതത്തിൽ തുടക്കം. അഭിനവബുദ്ധനായ ഗുരുദേവനിൽ ഒടുക്കം. ലോകത്തുള്ള  എല്ലാ മതങ്ങളും ഇതിൽ പരാമർശിക്കപ്പെടുന്നു. എല്ലാ ദർശനങ്ങളും മതാചാര്യന്മാരും പുതിയ കാഴ്ച്ചപ്പാടിൽ  വിലയിരുത്തപ്പെടുന്നു.അതും ഒരു
ഫിസിഷ്യന്റെ, ഗുരുനാഥന്റെ, മാനവികതയുടെ, സത്യദർശിയുടെ കൂലങ്ക-  ഷതയോടെ.

 ഗുരുവിന്റെ ഹിന്ദുത്വം
--------------------------------------------
ഈ ഗ്രന്ഥത്തിലെ ഏറ്റവും കാലികവും അമൂല്യവുമായ അദ്ധ്യായമാണിത്.
സാർ എഴുതുന്നു
"ഇന്ത്യൻ ഭരണഘടനയിൽ സെക്യുലറിസം എഴുതി വയ്ക്കുന്നുന്നതിന് എത്രയോ മുൻപ് ഗുരു  ഈ ആശയം പ്രഖ്യാപിച്ചു." എത്ര മാത്രം സത്യം! ഗുരുവിന്റെ "നമുക്ക് ജാതിയോ മതമോ ഇല്ല" എന്ന പ്രഖ്യാപനത്തിന്റെ 100 ആം വാർഷികാഘോഷം കഴിഞ്ഞതേ ഉള്ളുവല്ലോ! (അത് തീരാതെ തീർക്കാതെ പരിരക്ഷിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോകുന്നു.)

നാണുഗുരുവിന്റെ മതം
------------------------------------------
ഈ അദ്ധ്യായവും പ്രസക്തമത്രെ! അല്ലെങ്കിൽ ഈ ഗ്രന്ഥത്തിലെ ഏതദ്ധ്യായമാണ് അപ്രസക്തം! ഗുരു മതം സ്ഥാപിച്ചിട്ടില്ല; എന്നാൽ അവി  ടുത്തേക്ക് മതമുണ്ടായിരുന്നു; മാനവികതയുടെ മതം. "സർവ്വമതസാരവും ഒന്നെ"ന്നത് തന്നെ ഗുരുവിന്റെ മതം.

ഇപ്പോൾ ഈ ഗ്രന്ഥത്തിന്റെ പ്രസക്തി
---------------------------------------------------------------------
2005 ജനുവരിയിലാണ് ഈ ഗ്രന്ഥം മാതൃഭൂമി പ്രസിദ്ധീകരിച്ചത്. (പിന്നീട് ഹാർട്ടറിവ്‌ വന്നു. ശാസ്ത്ര ഗ്രന്ഥം - മാതൃഭൂമി ).
ഈ കഴിഞ്ഞ ദശാബ്ദത്തിൽ ഈ രണ്ട് ഗ്രന്ഥങ്ങളുടെയും പ്രസക്തി പതിന്മടങ്ങു് വർധിച്ചു. അതുതന്നെയാകാം കേരളസാഹിത്യ അക്കാദമിയുടെ ഈ തിരിച്ചറിവിന് മൂലം. സാറിന്റെ ഈ 80 -ആം പിറന്നാളിന് അക്കാദമിയുടെ പുരസ്കാരം അവസരോചിതം തന്നെ.

വന്ദ്യഗുരുവിന് ഞങ്ങൾ ശിഷ്യരുടെ പ്രണാമം! ഇനിയും ഞങ്ങൾക്ക് (ലോകർക്കും)  കൂടുതൽ അറിവ് പകർന്നു തരുവാൻ അവിടുത്തേക്ക്  ആയുരാരോഗ്യം ആശംസിക്കുന്നു.
   

കൃതികൾ
---------------------
അഞ്ച് കനപ്പെട്ട കൃതികൾ
----------------------------------------------

1. ബുദ്ധനും നാണുഗുരുവും
2.മൊഴിയറിവ്
3.ഹാർട്ടറിവ്‌
4. ഗുരുവിന്റെ ചരിത്രം
5. ബുദ്ധനും ജാതി വ്യവസ്ഥയും

പുരസ്‌കാരങ്ങൾ
------------------------------
അബുദാബി ശക്തി അവാർഡ് തുടങ്ങി
കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള
അവാർഡ്(2015) വരെ ആറ് പുരസ്‌കാരങ്ങൾ.
(അവാർഡുകളുടെ ഭാരം ശിരസ്സിലണിയുവാൻ താല്പര്യമുള്ള
മനസ്സല്ല സാറിനെന്നറിയാം. വർണന ഒഴിവാക്കുന്നു.)

ഇനി സാർ പറയുന്നത് ശ്രദ്ധിക്കാം
-------------------------------------------------------------
"ഹൈസ്കൂൾ പഠനകാലത്തും ഇന്നും ഇഷ്ടപ്പെട്ട വിഷയം ഗണിതം. ഡോക്ടറാവാൻ ആഗ്രഹിച്ചില്ല. പക്ഷെ
കോളേജിൽ പഠിച്ചത് ബയോളജി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ചു. പിന്നെ എം.ഡി.; ഡി.എം.(കാർഡിയോളജി ).
മുപ്പത് കൊല്ലം കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിപ്പിച്ചു. കേരളശാസ്‌ത്രസാഹിത്യപരിഷത്തിലും മെഡിക്കൽ കോളേജ് അധ്യാപക സംഘടനയിലും പ്രവർത്തിച്ചു. കേന്ദ്രസർക്കാറിന്റെ ഒരു പദ്ധതിപ്രകാരം യൂറോപ്പിലെ വിവിധമെഡിക്കൽ കോളേജുകൾ സന്ദർശിച്ചു.

റിട്ടയർമെന്റിനുശേഷം കൂടുതൽ കൂടുതൽ വായിച്ചു. വിവിധവിഷയങ്ങൾ. അപ്പോൾ അറിഞ്ഞത് തലമുറകൾക്ക് പകർന്ന്കൊടുക്കണമെന്നും ഈടുവയ്ക്കണമെന്നും തോന്നി. എഴുതി."

മലയാളത്തിന്റെ പുണ്യം
----------------------------------------------
മിതഭാഷിയാണ് സാർ. പക്ഷെ പൾസ്‌ എന്ന നൈമിഷിക-  പ്രതിഭാസത്തെക്കുറിച്ചു പറഞ്ഞുതുടങ്ങിയാൽപ്പോലും ഒടുക്കമുണ്ടാവാറില്ല. അതെങ്ങനെ ഒടുങ്ങാൻ! അതിന്റെ ആവർത്തം മാത്രമാണല്ലോ സർവ്വം.

സത്യത്തിൽ, താനറിഞ്ഞത് ഭാവിതലമുറകൾക്ക് ഈടുവയ്ക്കുന്ന എത്രപേർ (പ്രത്യേകിച്ചും ഡോക്ടർമാർ) ഇവിടെയുണ്ട്! അതും വിവിധവിഷയങ്ങളിൽ താനാർജ്ജിച്ച, അനുഭവിച്ചറിഞ്ഞ അപാരത നാളയെ അനുഭവിപ്പിക്കണമെന്ന അലിവ്  കൈമുതലായുള്ളവർ? അതല്പം ഉണ്ടെങ്കിൽതന്നെ അതിനെ പരസ്യവിപണിയിൽ ലേലം ചെയ്യാൻ തുനിയാത്തവർ? ഉണ്ടാവാം. വിരലിലെണ്ണാവുന്നവർ. തീർച്ചയായും അവരിൽ അഗ്രിമസ്ഥാനം തന്നെ അലങ്കരിക്കുന്നു  എൺപതുകാരനായ ഈ ഈ അറിവുകടൽ- ഇപ്പോഴും എപ്പോഴും മനസ്സിൽ യുവത്വം സൂക്ഷിക്കുന്ന ഈ വിജ്ഞാനസുഗതൻ - ഞങ്ങളുടെ, തലമുറകളുടെ പ്രിയഗുരുനാഥൻ.
--------------------------------------------------------------------------------------------------------------------------

     









4 comments: